
ഇന്ത്യന്‍ പത്രപ്രവര്‍ത്തനമേഖലയില്‍ വിനോദ് മേത്ത ഒരു പ്രതിഭാസമാണ്. ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് മൂന്നാംക്ലാസ് ബിരുദവുമായി പുറത്തിറങ്ങിയ വിനോദ് മേത്ത പത്രപ്രവര്‍ത്തനത്തിലേക്ക് വന്നുവീഴുകയായിരുന്നു. വിനോദ് തന്നെ പറയുന്നതുപോലെ ''സുഹൃത്തേ, അതൊരു അപകടമായിരുന്നു.'' 'ഡെബണയറി'ല്‍ തുടങ്ങി 'സണ്‍ഡെ ഒബ്‌സര്‍വറി'ലൂടെയും 'പയനിയറി'ലൂടെയും സഞ്ചരിച്ച് 'ഔട്ട്‌ലുക്കി'ലെത്തി നില്‍ക്കുന്ന വിനോദ് മേത്തയുടെ പത്രപ്രവര്‍ത്തന യാത്രയെ വിസ്മയകരം എന്നുമാത്രമേ വിശേഷിപ്പിക്കാനാവൂ. 'പെന്‍ഗ്വിന്‍' പുറത്തിറക്കിയ 'ലഖ്‌നൗ ബോയ്' എന്ന ആത്മകഥയുടെ പ്രകാശനത്തിനായി ചെന്നൈയിലെത്തിയ വിനോദ് മേത്തയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
അടുത്തിടെ 'ഔട്ട്‌ലുക്കി'ലെ കോളത്തില്‍ താങ്കള്‍ നടത്തിയ പരാമര്‍ശം രസകരമായിരുന്നു. ''എന്റെ കോളം ഞാന്‍ ദുരുപയോഗിക്കുന്നുണ്ടെന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്. എന്റെ കോളമല്ലാതെ വേറെയാരുടെ കോളമാണ് ഞാന്‍ ദുരുപയോഗിക്കുക.'' ഇന്ത്യയില്‍ ഇന്നിപ്പോള്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ഒരു കോളമിസ്റ്റാണ് താങ്കള്‍. താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ കോളമിസ്റ്റ് ആരാണ്?
'തെഹല്‍ക്ക'യില്‍ തരുണ്‍ തേജ്പല്‍ എഴുതുന്ന കോളം ഗംഭീരമാണ്. തരുണ്‍ ഇടയ്‌ക്കേ എഴുതാറുള്ളൂവെങ്കിലും തരുണിന്റെ കോളം ഒരിക്കലും മിസ്സ് ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ആത്മകഥയില്‍ ജോര്‍ജ് ഓര്‍വെല്ലിനെക്കുറിച്ച് അത്യന്തം ആവേശത്തോടെയാണ് താങ്കള്‍ എഴുതുന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ മുഖ്യം ഓര്‍വെലിന്റെ കൃതികളാണെന്ന് താങ്കള്‍ വെളിപ്പെടുത്തുന്നുണ്ട്. ഓര്‍വെല്‍ എന്ന പ്രചോദനത്തെക്കുറിച്ച്?
ഓര്‍വെല്‍ എനിക്ക് പ്രത്യാശയും പ്രകാശവുമാണ്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുമ്പോള്‍ ഞാന്‍ പലപ്പോഴും തിരിയുന്നത് ഓര്‍വെല്ലിലേക്കാണ്. ഓര്‍വെല്‍ എന്ന പത്രപ്രവര്‍ത്തകനെയും ഓര്‍വെല്‍ എന്ന എഴുത്തുകാരനെയും മാറ്റിനിര്‍ത്തിയാല്‍ എന്റെ ജീവിതം പൂര്‍ണമല്ല. ഓര്‍വെല്ലിന്റെ റേഞ്ച് അതിവിശാലമാണ്. പുകവലിയെക്കുറിച്ച്, പത്രത്തിന്റെ ഉത്പാദന ച്ചെലവിനെക്കുറിച്ച്, നല്ല ചായയുണ്ടാക്കുന്നതിനെക്കുറിച്ചൊക്കെ ഓര്‍വെല്‍ എഴുതിയിട്ടുണ്ട്. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഓര്‍വെല്ലിന്റെ റിവ്യു വായിക്കേണ്ടതാണ്.
താങ്കളുടെ ആത്മകഥ വായിക്കുമ്പോള്‍ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല വഴി അവയ്ക്ക് കീഴ്‌പ്പെടുകയാണെന്ന് പറഞ്ഞ ഓസ്‌കാര്‍ വൈല്‍ഡിനോട് താങ്കള്‍ക്ക് ഒരടുപ്പമുള്ളതുപോലെ തോന്നുന്നുണ്ടെന്നു പറഞ്ഞാല്‍?
ഓസ്‌കാര്‍ വൈല്‍ഡിനെ എനിക്കിഷ്ടമാണ്. വിക്ടോറിയന്‍ സദാചാരത്തിന്റെ മുഖംമൂടി ചീന്തിയെറിഞ്ഞ കക്ഷിയാണ് ഓസ്‌കാര്‍ വൈല്‍ഡ്. പക്ഷേ, ഓസ്‌കാര്‍ വൈല്‍ഡില്‍ ഒരു പ്രദര്‍ശന പരതയുണ്ടായിരുന്നു. ഓര്‍വെല്ലില്‍ അതില്ല. ഒരു പുണ്യവാളനാണെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പുണ്യവാളനും പാപിക്കും ഇടയിലാണ് ഞാന്‍.
എഡിറ്റര്‍ എന്ന പദത്തിന്റെ ശരിയായ അര്‍ഥത്തില്‍ ഇന്നിപ്പോള്‍ ഇന്ത്യയിലുള്ള അവസാനത്തെ ചുരുക്കം ചില എഡിറ്റര്‍മാരിലൊരാളാണ് താങ്കള്‍. എഡിറ്റര്‍ക്കുപകരം സി.ഇ.ഒ.മാര്‍ നടത്തുന്ന പുതുപത്രപ്രവര്‍ത്തനത്തെക്കുറിച്ച് എന്തു പറയുന്നു?
ഞങ്ങളൊക്കെ പത്രപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ക്കായിരുന്നു മേല്‍ക്കൈ. പരസ്യവിഭാഗവുമായി ഒരു തരത്തിലുള്ള ബന്ധവും അന്ന് പത്രപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ പരസ്യക്കാര്‍ക്കാണ് പത്രങ്ങളില്‍ പ്രഥമസ്ഥാനം. കാശുണ്ടാക്കിത്തരുന്ന മാനേജര്‍മാര്‍ മതി പത്രപ്രവര്‍ത്തകര്‍ വേണ്ട എന്നു പറയുന്നവരാണ് മീഡിയ കൊണ്ടു നടക്കുന്നത്. ഇതൊരു അപകടമാണ്. പത്രങ്ങള്‍ ജനാധിപത്യത്തില്‍ നിര്‍ണായകമാണ്. ഒരു പത്രമില്ലാതായാല്‍ അത്രയും ജനാധിപത്യവുമില്ലാതാവുകയാണ്. കോര്‍പ്പറേറ്റ് ഉടമസ്ഥതയാണ് ഇന്നിപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നേരിടുന്ന വലിയൊരു ഭീഷണി.
ഒരു പത്രാധിപരുടെ ആത്മകഥയില്‍ സ്‌കൂപ്പുകള്‍ ഉണ്ടാവില്ല എന്നൊരു നിരീക്ഷണമുണ്ട്?
'ലഖ്‌നൗ ബോയ്' ഒരു എഡിറ്ററുടെ ആത്മകഥയെന്ന രീതിയിലല്ല എഴുതപ്പെട്ടിരിക്കുന്നത്. ഒരു എഡിറ്ററിലേക്കുള്ള എന്റെ വളര്‍ച്ചയുടെ കൂടി കഥയാണത്. ലഖ്‌നൗവില്‍ ചെലവഴിച്ച എന്റെ ബാല്യം, ലഖ്‌നൗ നഗരത്തിന്റെ മതേതരമുഖം, ജീവിതത്തില്‍ എന്നെ സ്വാധീനിച്ച സംഭവങ്ങളും ആളുകളും ഇതെല്ലാം 'ലഖ്‌നൗ ബോയി'ലുണ്ട്. സാധാരണ എഡിറ്റര്‍മാരുടെ ഭാവഹാദികളൊന്നുമില്ലാത്തയാളാണ് ഞാന്‍. 'ഡെബണയറി'ന്റെ എഡിറ്ററായിരിക്കുമ്പോള്‍ പലരും എന്നോട് സൗഹൃദം പുലര്‍ത്താന്‍ മടിച്ചിരുന്നു. നല്ലൊരു ഇന്റര്‍വ്യൂവിനായി സമീപിച്ചപ്പോള്‍ പല പ്രമുഖരും ഒഴിഞ്ഞുമാറി. പട്ടൗഡിയാണ് ഒടുവില്‍ എനിക്കൊരു അഭിമുഖം തന്നത്. ആത്മകഥയില്‍ ഞാന്‍ സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. ആത്മകഥ വില്‍പ്പത്രം പോലെയാണ്. അതില്‍ ഒന്നും ഒളിച്ചുവെക്കാനാവില്ല. ഇംഗ്ലണ്ടില്‍ ജോലിചെയ്യുന്ന കാലത്ത് പരിചയപ്പെട്ട ഒരു സ്വീഡിഷ് യുവതിയില്‍ എനിക്കൊരു മകളുണ്ടെന്ന കാര്യം ആദ്യമായാണ് ഞാന്‍ വെളിപ്പെടുത്തുന്നത്. മോശമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോഴേ ഒരു ആത്മകഥ വിശ്വസനീയമാകുന്നുള്ളൂവെന്ന ഓര്‍വെല്ലിന്റെ വചനമാണ് എന്നെ നയിക്കുന്നത്.
സോണിയാഗാന്ധിയോട് താങ്കള്‍ക്ക് മൃദുസമീപനമാണുള്ളതെന്ന് ആരോപണം വ്യാപകമാണ്. വാജ്‌പേയിയോടും താങ്കള്‍ക്ക് മൃദുസമീപനമാണോ?
വാജ്‌പേയിയും ഞാനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. പക്ഷേ, വാജ്‌പേയിയുടെ ഓഫീസില്‍ ബ്രിജേഷ് മിശ്രയും കൂട്ടരും നടത്തുന്ന ഉപചാപങ്ങളെക്കുറിച്ച് 'ഔട്ട്‌ലുക്ക്' എഴുതിയത് വാജ്‌പേയിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളുടെ ഓഫീസില്‍ ആദായനികുതി വകുപ്പുകാരുടെയും മറ്റും റെയ്ഡ് നടക്കുന്നത് ഇതേത്തുടര്‍ന്നാണ്. വാജ്‌പേയിയോട് എനിക്കിപ്പോഴും മമതയുണ്ട്. He is the right man in the wrong party.
ഒരു എഡിറ്ററെ താങ്കള്‍ എങ്ങനെയാണ് നിര്‍വചിക്കുക?
എഡിറ്റര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെപ്പോലെയാണ്. സ്വയം ഷൈന്‍ ചെയ്യുന്നതിലാവരുത് എഡിറ്ററുടെ ശ്രദ്ധ. എല്ലാവരെയും ഒന്നിപ്പിച്ച് ഒരു ഫൈറ്റിങ് ടീമാക്കുകയാണ് എഡിറ്റര്‍ ചെയ്യേണ്ടത്. അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കണം. എല്ലാവരും പറയുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ അംഗീകരിക്കണമെന്നില്ല. പക്ഷേ, കേള്‍ക്കാന്‍ തയ്യാറാവണം. എന്റെ എഡിറ്റോറിയല്‍ കോണ്‍ഫറന്‍സില്‍ എന്നെ വിമര്‍ശിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഞാന്‍ പൂര്‍ണസ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്.
No comments:
Post a Comment