Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 8 February 2012

റോഡരികില്‍ വാഹനപ്രളയം; നിര്‍ദിഷ്ട പാര്‍ക്കിങ് സ്ഥലം കാലി


വാഹനങ്ങളുടെ പാര്‍ക്കിങ് മൂലം ഒരുവശത്ത് ഗതാഗത തടസ്സം അനുഭവപ്പെടുമ്പോള്‍ മറുവശത്ത് പാര്‍ക്കിങ്ങിനായി കോര്‍പ്പറേഷന്‍ നീക്കിവെച്ച സ്ഥലം കാടുവളര്‍ന്നും മാലിന്യംനിറഞ്ഞും അനാഥാവസ്ഥയില്‍ കിടക്കുന്നു. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്‌റോഡിലാണ് ഇത്തരമൊരു സവിശേഷതയുള്ളത്. കോര്‍പ്പറേഷന്‍ ബഹുനില പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ നീക്കിവെച്ച സ്ഥലമാണ് വെറുതെ കിടക്കുന്നത്. എന്നാല്‍, ഇതിനോട് ചേര്‍ന്ന റോഡിലാകട്ടെ ഇരുചക്രവാഹനങ്ങളടക്കം നിരനിരയായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇതിനാല്‍ സ്വതവേ വീതികുറഞ്ഞ ലിങ്ക്‌റോഡില്‍ മിക്ക സമയത്തും ഗതാഗത തടസ്സമാണ്. കെ.എസ്.യു.ഡി.പി. പദ്ധതിപ്രകാരം മോടികൂട്ടിയ ലിങ്ക്‌റോഡിന് ചേര്‍ന്ന് കോര്‍പ്പറേഷന്‍ പാര്‍ക്കിങ് സ്ഥലം നീക്കിവെച്ചതിനാല്‍ റോഡില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ താത്കാലികമായെങ്കിലും ഇവിടേക്ക് മാറ്റാന്‍ സൗകര്യമൊരുക്കേണ്ടതായിരുന്നു. ഇങ്ങനെ ചെയ്താല്‍ ലിങ്ക്‌റോഡിലെ ഗതാഗത തടസ്സത്തിന് അല്പമെങ്കിലും പരിഹാരമാകും.

ഇപ്പോള്‍ ലിങ്ക് റോഡില്‍ റെയില്‍വേ സ്റ്റേഷന്‍ തൊട്ട് അപ്‌സര തിയേറ്ററിന് മുന്‍വശം വരെ ഒന്നുകില്‍ കാറുകള്‍ അല്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ എന്ന നിലയില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍, ഇതിന് തൊട്ടുചേര്‍ന്ന് പാര്‍ക്കിങ്ങിനായി നീക്കിവെച്ച സ്ഥലം ഉപയോഗമില്ലാതെ കിടക്കുന്നു.

ലിങ്ക്‌റോഡില്‍ ബഹുനില പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് കഴിഞ്ഞ കൗണ്‍സിലാണ്. ഇതിനായി അവിടെ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഷെഡ്ഡുകള്‍ ഒഴിപ്പിച്ചെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സപ്തംബറില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, മന്ത്രിയായിരുന്ന എളമരം കരീമിനെക്കൊണ്ട് ശിലാസ്ഥാപനവും നടത്തി. എന്നാല്‍ പിന്നീടൊന്നും നടന്നില്ല. ആരും നോക്കാനില്ലാതെ പിന്നീട് അവിടം കാടുകയറി. ഇത് മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമായി. നേരത്തേ ഒഴിപ്പിച്ചെടുത്ത സ്ഥലം തകരംകൊണ്ട് കോര്‍പ്പറേഷന്‍ മറച്ചിരുന്നു. ഇത് സാമൂഹികവിരുദ്ധര്‍ക്ക് ഗുണമായതിനാല്‍ പരിസരത്തെ ആളുകള്‍ തന്നെ പൊളിച്ചുനീക്കി.

ലിഫ്റ്റ് ഉപയോഗിച്ച് കെട്ടിടത്തിന്റെ മുകള്‍നില വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സംവിധാനമാണ് ഇവിടെ ഒരുക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്. 8.38 കോടി രൂപ ചെലവില്‍ ഒന്നരക്കൊല്ലം കൊണ്ട് പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കഴിഞ്ഞ സപ്തംബറില്‍ ശിലാസ്ഥാപനം നടത്തിയത്. എന്നാല്‍ നിര്‍മാണം എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ യാതൊരു നിശ്ചയവും ഇല്ലാത്ത അവസ്ഥയാണ്.

നഗരത്തില്‍ പാര്‍ക്കിങ് സംവിധാനം അപര്യാപ്തമായതിനാല്‍ വാഹന ഉടമകള്‍ നേരിടുന്ന പ്രശ്‌നം ഏറെ സങ്കീര്‍ണമാണ്. കാറില്‍ നഗരത്തില്‍ എത്തിയാല്‍ നിര്‍ത്തിയിടാന്‍ പറ്റിയ സ്ഥലം ഇല്ല എന്നതാണ് വസ്തുത. പല ഷോപ്പിങ്‌കോംപ്ലക്‌സുകളിലും പാര്‍ക്കിങ് സംവിധാനം ഉണ്ടെങ്കിലും അവിടെ എത്തുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് അനുവാദം നല്‍കുകയുള്ളൂ. അതിനാല്‍ പലരും വഴിഅരികില്‍ നിര്‍ത്തിയിടുകയാണ് പതിവ്. ലിങ്ക് റോഡില്‍ ഉള്‍പ്പെടെ അതുകൊണ്ടാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കാലത്ത് മുതല്‍ രാത്രിവരെ വാഹനങ്ങളുടെ നീണ്ടനിരയാണ് ഈ റോഡില്‍ കാണുന്നത്. കോര്‍പ്പറേഷന്‍ നീക്കിവെച്ച സ്ഥലത്ത് താത്ക്കാലിക സൗകര്യം ഉണ്ടാക്കി ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണമെന്നതാണ് ആവശ്യം.

No comments:

Discuss