
നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുരാവസ്തുക്കള്‍ മുതല്‍ വര്‍ത്തമാനകാലത്തിന്റെ ഭീഷണിയായ മുല്ലപ്പെരിയാര്‍ ഡാമിന്റെ ദൃശ്യാവിഷ്‌കാരം വരെ ഒരുക്കിയ കൈലമഠം എ.എം.എല്‍.പി. സ്‌കൂളിന്റെ ശാസ്ത്ര-കരകൗശല-പുരാവസ്തു പ്രദര്‍ശന മേള വിസ്മയക്കാഴ്ചയായി. എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രകൃതിയുമായി ബന്ധപ്പെട്ട മുളയുത്പന്നങ്ങള്‍, കയറുത്പന്നങ്ങള്‍, ഔഷദ സസ്യങ്ങള്‍, വിവിധയിനം ചെടികള്‍, മറ്റു കരകൗശല വസ്തുക്കള്‍, പഴയകാല അളവുതൂക്ക സാമഗ്രികള്‍, നാണയങ്ങള്‍, ഒറ്റത്തടിയില്‍ തീര്‍ത്ത തോണി, ഭക്ഷണപദാര്‍ഥങ്ങളുടെ ചൂട്, 12 മണിക്കൂര്‍ വരെ നിലനിര്‍ത്തുന്ന പഴക്കം നിര്‍വചിക്കാനാവാത്ത പാത്രം, കാര്‍ഷിക ഉപകരണങ്ങള്‍, മുളകൊണ്ട് നിര്‍മിച്ച പഴയകാല ഫോള്‍ഡിങ് കുട, വിവിധയിനം ശംഖുകള്‍, ഏറ്റവും ചെറിയ ഖുര്‍-ആന്‍, സുറിയാനി ഭാഷയിലെ ബൈബിള്‍, താളിയോലകള്‍ തുടങ്ങി വ്യത്യസ്തവും കൗതുകമുണര്‍ത്തുന്നതുമായ ഒട്ടേറെ വസ്തുക്കള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
'മാതൃഭൂമി' ദിനപത്രത്തിന്റെ ആദ്യപ്രതി മുതല്‍ കേരളപ്പിറവി വരെയുള്ള കോപ്പികളുടെ പ്രദര്‍ശനം ചരിത്രസ്മരണകളുണര്‍ത്തുന്നതായിരുന്നു. മണ്‍പാത്ര നിര്‍മാണം, ചെരിപ്പു നിര്‍മാണം, മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങുന്ന പത്രങ്ങള്‍, പി.വി.എസ്. നഴ്‌സിങ് വിദ്യാര്‍ഥികള്‍ ഒരുക്കിയ ആരോഗ്യവിഭാഗം സ്റ്റാള്‍, അറബിഭാഷ പ്രദര്‍ശനം എന്നിവ കൊണ്ടെല്ലാം ജില്ലാതല ശാസ്ത്രമേളയുടെ പ്രൗഢി നേടിയെടുക്കാന്‍ കൊച്ചുവിദ്യാര്‍ഥികളും അധ്യാപികരും രക്ഷിതാക്കളും ചേര്‍ന്നൊരുക്കിയ മേളയ്ക്ക് കഴിഞ്ഞു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും നാട്ടുകാരും പ്രദര്‍ശനം കാണാനെത്തിയിരുന്നു. കൈലമഠം എ.എം.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment