
സുകുമാര്‍ അഴീക്കോടിന്റെ ആരാധകന്‍ കോഴിക്കോട് കടപ്പുറത്ത് അദ്ദേഹത്തിന്റെ മണല്‍ശില്പമൊരുക്കി. ശില്പി മുരളി ചെമ്മാടാണ് റിപ്പബ്ലിക് ദിനത്തില്‍ ശില്പമൊരുക്കിയത്. ശില്പം കാണാന്‍ അവധിദിനത്തില്‍ ജനങ്ങള്‍ തടിച്ചുകൂടി. തെങ്ങ്, കവുങ്ങ്, മുള, മരവേരുകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ശില്പവേലയില്‍ പ്രശസ്തനാണ് മുരളി.
മണലില്‍ത്തന്നെ നിരവധി ദേശീയ നേതാക്കളുടെ ശില്പങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ഒബാമ, യേശുദാസ്, എ.ആര്‍. റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, ജ്യോതിബസു, പ്രതിഭാപാട്ടീല്‍, മാതാ അമൃതാനന്ദമയി തുടങ്ങിയവരുടെ ശില്പങ്ങളും പലകാലത്തായി നിര്‍മിച്ചിട്ടുണ്ട്. പച്ചക്കറിയിലും ഇദ്ദേഹം ശില്പങ്ങള്‍ തീര്‍ക്കാറുണ്ട്. വലിയൊരു പുരാവസ്തു ശേഖരത്തിനും ഇദ്ദേഹം ഉടമയാണ്. മുമ്പ് തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന മുരളി ഇപ്പോള്‍ പൂര്‍ണസമയം ശില്പനിര്‍മാതാവും പൂന്തോട്ട നിര്‍മാതാവുമാണ്.