വെങ്ങളം: അടുത്തിടെ ലോക ക്രിക്കറ്റിനെ പിടിച്ചുലച്ച തത്സമയ വാതുവെപ്പ് കേരളത്തില്‍ വോളിബോളിലും സജീവം. ഞായറാഴ്ച സമാപിച്ച സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നല്‍കുന്ന സൂചനകള്‍ അതു ശരിവെക്കുന്നു. സംസ്ഥാന വോളിയില്‍ സെമിയിലെത്തിയ ടീമുകളിലൊന്നിന് സെറ്റ് വഴങ്ങുന്നതിന് ഒത്തുകളി മാഫിയ ഇരുപത്തയ്യായിരം രൂപ വാഗ്ദാനം ചെയ്തത് ആശങ്കാജനകമായ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
വെങ്ങളത്ത് സമാപിച്ച സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വ്യാപകമായ രീതിയിലാണ് തത്സമയ വാതുവെപ്പ് നടന്നത്. വോളിക്ക് ഏറെ പ്രചാരമുള്ള മലബാര്‍ മേഖലകളില്‍ വാതുവെപ്പ് മാഫിയ കളിയെ നിയന്ത്രിക്കാവുന്ന തലത്തിലേക്ക്
വളര്‍ന്നിട്ടുണ്ട്. വോളിബോളിന് വേരോട്ടമുള്ള മേഖലകളില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ ലക്ഷങ്ങളാണ് വാതുവെപ്പിലുടെ കൈമറിയുന്നത്.
വെങ്ങളത്ത് 20 മുതല്‍ 30 ലക്ഷം രൂപയുടെവരെ വാതുവെപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം. മത്സരഫലത്തിന് പുറമെ സെറ്റ്, സര്‍വീസ്, പോയന്റ്, എന്നിവയ്ക്കും തത്സമയ വാതുവെപ്പുകള്‍ നടക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ വോളിക്ക് പ്രചാരമുള്ള മേഖലകളിലാണ് മാഫിയ സ്വാധീനമുറപ്പിച്ചിട്ടുള്ളത്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്ന ഒരു ടീമിന് ആദ്യ സെറ്റ് എതിര്‍ ടീമിന് വിട്ടു കൊടുത്താല്‍ 25,000 രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാല്‍ ടീം വാഗ്ദാനം നിരസിക്കുകയും നേരിട്ടുള്ള സെറ്റുകളില്‍ എതിരാളിയെ തകര്‍ക്കുകയും ചെയ്തു. ആദ്യ സര്‍വീസ് പോയന്റ്, ഓരോ കളിക്കാരുടെയും സര്‍വീസുകള്‍, സെറ്റുകള്‍, മത്സരഫലങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലാണ് വാതുവെപ്പ് നടക്കുന്നത്.
കളി തുടങ്ങുമ്പോഴാണ് പന്തയ നെറ്റ് വര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴിയാണ് 'ഓപ്പറേഷന്‍ ' അധികവും. കളി കാണാനെത്താത്തവരും ഫോണിലൂടെ പങ്കെടുക്കുന്നുണ്ട്. 500 രൂപ മുതല്‍ മുകളിലേക്കുള്ള സംഖ്യകളിലാണ് പന്തയം നടക്കുന്നത്. സര്‍വീസിനും പോയന്റിനും വാതുവെപ്പ് നടത്തുമ്പോള്‍ കളിയെ ബാധിക്കാതെ കളിക്കാരെ സ്വാധീനിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വലിയ അപകടം.
ലോര്‍ഡ്‌സില്‍ നടന്ന പാകിസ്താന്‍ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റില്‍ നടന്ന തത്സമയ വാതുവെപ്പ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നോബോള്‍ എറിയുന്നതിന് പാക് കളിക്കാരായ സല്‍മാന്‍ ബട്ടും മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫുമായി നേരത്തേ വാതുവെപ്പുകാര്‍ ധാരണയുണ്ടാക്കുകയും അതനുസരിച്ച് താരങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മുന്‍ധാരണ പ്രകാരമാണ് പാക് കളിക്കാര്‍ നോബോള്‍ എറിഞ്ഞതെന്ന് പുറത്തു വന്നതോടെയാണ് തത്സമയ വാതുവെപ്പിന്റെ അപകടം അറിയുന്നത്.
വോളിബോള്‍ കളിക്കാര്‍ക്ക് വേണ്ടത്ര പ്രതിഫലമോ, ആകര്‍ഷീണതയോ ലഭിക്കാത്തത് വാതുവെപ്പുകാര്‍ക്ക് അനുകൂല ഘടകമാണ്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാര്‍ക്ക് ലഭിച്ച ബത്ത 50 രൂപയായിരുന്നു. മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാറുമില്ല. നിലവില്‍ എതെങ്കിലും ടീമിനോ കളിക്കാരനോ വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. വാതുവെപ്പിനെപ്പറ്റി വോളിബോള്‍ അസോസിയേഷന് വ്യക്തമായ അറിവുണ്ടെങ്കിലും നടപടിയെടുക്കാന്‍ കഴിയുന്നില്ല. വാതുവെപ്പ് സംഘങ്ങള്‍ കരുത്തരായതുതന്നെ കാരണം.
നാദാപുരത്ത് അടുത്തിടെ നടന്ന ജില്ലാ വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍ ഉന്തും തള്ളും നടന്നതിനു പിന്നിലും വാതുവെപ്പ് മാഫിയയ്ക്ക് പങ്കുണ്ടായിരുന്നു. വ്യാപകമായ രീതിയിലാണ് ഇവിടെ വാതുവെപ്പ് നടന്നത്. സംഘാടകരുടെ കണക്ക് പ്രകാരം എട്ട് മുതല്‍ 15 ലക്ഷം രൂപവരെ പന്തയത്തില്‍ മറിഞ്ഞിട്ടുണ്ട്.